ഉള്ളൂര്‍: മെഡിക്കല്‍കോളജ് മഞ്ചാടി വെടല നഗര്‍ ഭാഗത്തെ അശാസ്ത്രീയമായ ഓടനിര്മാണത്തെക്കുറിച്ച് വ്യാപകമായ പരാതി. മെഡിക്കല്‍ കോളജ്-മഞ്ചാടി-കിംസ് റോഡിന്റെ നിർമാണത്തിനായാണ് വെടല നഗര്‍ ഭാഗത്ത് റോഡിനുകുറുകെ ഓട നിര്‍മാണം ആരംഭിച്ചത്.
രണ്ടുഘട്ടങ്ങളിലായാണു നിർമാണം നടന്നുവരുന്നത്. ഇതിന്റെ ആദ്യഘട്ട നിര്‍മാണത്തില്‍ ഓടയ്ക്കുള്ളിലൂടെ കടന്നുപോകുന്ന മൂന്നിഞ്ച്, നാലിഞ്ച് വലുപ്പമുള്ള രണ്ട് പ്രധാന കുടിവെള്ള പൈപ്പ് ലൈനുകളും ഇതേ വലുപ്പത്തിലുള്ള ഒരു കേബിളും മാറ്റിസ്ഥാപിക്കാതെയാണ്, നിലവില്‍ അവയ്ക്ക് മുകളിലായി സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. ഇനി ഇതിനുമുകളില്‍ സിമന്റിട്ട് ടാര്‍ ചെയ്യുന്ന പണി മാത്രമാണ് അവശേഷിക്കുന്നത്. മറ്റു ഭാഗങ്ങളില്‍നിന്ന് മഞ്ചാടിറോഡിലേക്ക് വെള്ളം ഉള്‍പ്പെടെ ഒഴുകി വരുന്ന ഈ ഓടയ്ക്കുള്ളില്‍ വിലങ്ങനെ പൈപ്പുകള്‍ കിടക്കുന്നതു ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ഒഴുകിവരുന്ന മാലിന്യങ്ങള്‍ പൈപ്പുകളില്‍ തടഞ്ഞുനിന്ന് ഓട പൂര്‍ണമായും അടഞ്ഞുപോകാന്‍ ഇതു കാരണമാകും. ശക്തമായ മഴക്കാലത്ത് അമിതമായി ഒഴുക്കുണ്ടായാൽ കുടിവെള്ള പൈപ്പുകള്‍ പൊട്ടാനും സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അതു കണ്ടെത്താനും അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനും കാലതാമസമുണ്ടായേക്കാം.
ഏറ്റവും ഗൗരവകരമായ വിഷയം ഓടയ്ക്കുള്ളില്വച്ചു പൈപ്പ് പൊട്ടിയാല്‍ മലിനജലവും മാലിന്യങ്ങളും ബാക്ടീരിയകളും കുടിവെള്ളത്തില്‍ നേരിട്ട് കലരുമെന്നതാണ്. സംസ്ഥാനത്ത് നിലവില്‍ ഷിഗല്ല, അമീബിക് മസ്തിഷ്ക ജ്വരം തുടങ്ങിയ ഗുരുതരമായ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു അവസ്ഥയുണ്ടായാല്‍ അതു പ്രദേശവാസികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
കുടിവെള്ള പൈപ്പുകള്‍ കടന്നുപോകുന്ന ഭാഗങ്ങളിലൊക്കെ ഇതു പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും. ഇതുവലിയൊരു പൊതുജനാരോഗ്യ ദുരന്തത്തിനും വഴിവെയ്ക്കും. പണി പൂർത്തിയായി ടാര്‍ ചെയ്തുകഴിഞ്ഞാല്‍ കുടിവെള്ള പൈപ്പുകള്‍ മാറ്റുക എന്നതു കൂടുതല്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് നിലവിലെ ഓടനിര്‍മാണം നിര്‍ത്തി ശാസ്ത്രീയമായ രീതിയിൽ പുനഃരാരംഭിക്കണമെന്നാണ് ആവശ്യം.